Latest Updates

5ജി സേവനം ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍. സ്‌പെക്ട്രം ലേലം കഴിഞ്ഞാല്‍ 2 - 3 മാസത്തിനുള്ളില്‍ തന്നെ എയര്‍ടെലിന്റെ ഉപഭോക്താക്കള്‍ക്ക് 5ജി നെറ്റ്വര്‍ക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും. ഒരു ടെക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാരതി എയര്‍ടെല്‍ സി ടി ഒ ആയ രണ്‍ദീപ് ശെഖാനാണ് ഇക്കാര്യം പറഞ്ഞത്. 

തുടക്കം മുതല്‍ പ്രവര്‍ത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയര്‍ടെലിന്റെ ശ്രമം. റിലയന്‍സ് ജിയോ ഈ രംഗത്ത് ഭാരതി എയര്‍ടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒരു മത്സരമായി കണ്ടുകൊണ്ടല്ല, മറിച്ച് വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം എത്തിക്കാനാണ് ശ്രമമെന്ന് ശെഖാന്‍ വ്യക്തമാക്കിയെങ്കിലും അടിസ്ഥാനപരമായി ഇന്ത്യയില്‍ ടെലികോം രംഗത്തുള്ള കടുത്ത മത്സരത്തിന്റെ പ്രതിഫലനം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

എയര്‍ടെല്‍ 5ജി താരിഫുകള്‍ 4ജിയുടേതിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സേവനം ലഭിച്ചുകഴിഞ്ഞാലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. അതേസമയം കട ബാധ്യതകള്‍ ഒന്നൊന്നായി വീട്ടി മുന്നോട്ട് പോവുകയാണ് ഭാരതി എയര്‍ടെല്‍. കേന്ദ്ര സര്‍ക്കാരിന് 2015 ലെ സ്‌പെക്ട്രം ലേലത്തിന്റെ ഭാഗമായി നല്‍കാനുണ്ടായിരുന്ന 8815 കോടി രൂപ കൂടിയാണ് തിരിച്ചടച്ചത്. 2027 ലും 2028 ലും നല്‍കേണ്ട തിരിച്ചടവ് ഗഡുക്കളാണ് ഇപ്പോള്‍ തിരിച്ചടച്ചത്.

കഴിഞ്ഞ നാല് മാസത്തിനിടെ എയര്‍ടെല്‍ തങ്ങളുടെ ബാധ്യതകള്‍ പടിപടിയായി നികത്തുന്നുണ്ടായിരുന്നു. ഈ കാലയളവില്‍ സ്‌പെക്ട്രം കുടിശിക ഇനത്തില്‍ മാത്രം 24334 കോടി രൂപ കേന്ദ്രസര്‍ക്കാരിന് എയര്‍ടെല്‍ നല്‍കുകയും ചെയ്തിരുന്നു. ഗഡുക്കളായി അടയ്‌ക്കേണ്ട തുകയ്ക്ക് 10 ശതമാനം പലിശയും അടക്കേണ്ടതായിരുന്നു. മുന്‍കൂട്ടി പണം അടച്ചതോടെ പലിശ ഇനത്തിലും കമ്പനിക്ക് നേട്ടമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Get Newsletter

Advertisement

PREVIOUS Choice